Loading...

Follow Tech Travel Eat • Technology & Travel Blog fr.. on Feedspot


Valid
or
Continue with Google
Continue with Facebook

കുറെ നാളുകളായി പോകണം പോകണം എന്നു വിചാരിച്ചിരുന്ന ഒരു സ്ഥലമുണ്ട്. കർണാടകയിലെ ഗുണ്ടൽപെട്ടിനു സമീപത്തുള്ള ഗോപാൽസ്വാമി ബേട്ട എന്ന മലമുകളിലെ ക്ഷേത്രം. ഗുണ്ടല്‍പേട്ടയില്‍ നിന്ന് ഊട്ടി റോഡിലൂടെ എട്ട് കിലോമീറ്റര്‍
പോയാല്‍ ശ്രീഹങ്കളയാണ്. ഇവിടെ നിന്നാണ് ഗോപാൽ‌സ്വാമിബേട്ടയിലേക്ക് തിരിയേണ്ടത്.ഗുണ്ടല്‍പേട്ട നിന്ന് 20 കിലോമീറ്റർ സഞ്ചരിച്ചാല്‍ ഗോപാല്‍സ്വാമി ബെട്ട എത്തും. ഇതുവഴി കൂടാതെ ഗൂഡല്ലൂർ, മുതുമല വഴിയും ഇവിടേക്ക് പോകാവുന്നതാണ്. സീസൺ സമയമാകുമ്പോൾ ഗോപാൽസ്വാമി ഹിൽസിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലും പൂക്കളുടെ മേളമായിരിക്കും. ഒപ്പം കന്നുകാലികളെ നടുറോഡിലൂടെ മേയ്ച്ചു കൊടുനടക്കുന്ന നാഗരികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഗ്രാമീണരും.

ബന്ദിപ്പൂർ വനത്തിനുള്ളിലെ താമസത്തിനു ശേഷം ഞങ്ങൾ പോയത് ഇവിടേക്ക് ആയിരുന്നു. പോകുന്ന വഴിയിൽ ധാരാളം മൃഗങ്ങളെയും വഴിക്കിരുവശവും കണ്ടിരുന്നു. ഗോപാൽസ്വാമി ഹിൽസിനു താഴ്വാരത്തായി നമ്മുടെ വാഹനങ്ങൾ പാർക്ക് ചെയ്യണം. നീലഗിരി മലനിരകള്‍ അതിരിടുന്ന ഗോപാല്‍സ്വാമി ബേട്ട ഒരു നിഴല്‍ ചിത്രമായി മുന്നില്‍ക്കാണാം. പിന്നീട് മുകളിലേക്കുള്ള യാത്ര കർണാടക ആർടിസിയുടെ മിനി ബസ്സിലാണ്. ഇരുപതു രൂപയാണ് ഒരാൾക്ക് ചാർജ്ജ്. ഏകദേശം അരമണിക്കൂർ സമയമെടുക്കും ഹെയർപിൻ വളവുകളൊക്കെ തിരിഞ്ഞു കയറി മുകളിലെത്തുവാൻ. ഒരു കടുകുമണി വ്യത്യാസത്തിൽ ഒന്നു അങ്ങോട്ടോ ഒന്നു ഇങ്ങോട്ടോ മാറിയാൽ ദാ താഴെ പോയി കിടക്കും. അത്രയ്ക്ക് ചെറിയ വഴിയാണ്. അതുകൊണ്ടു തന്നെയായിരിക്കാം ഇപ്പോൾ മറ്റു വാഹനങ്ങൾ ഒന്നുംതന്നെ ഇവിടേക്ക് കടത്തിവിടാത്തതും. ചെറിയ റോഡിലൂടെ കൊടും വളവുകൾ തിരിഞ്ഞ് ബസ് ഇരച്ചിരച്ചു മുകളിലേക്കു പോകുമ്പോള്‍ ദൂരെ താഴ്‌വാരത്തിന്റെ കാഴ്ച അതിമനോഹരമാണ്.

കര്‍ണ്ണാടക വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഈ പ്രാചീന ക്ഷേത്രത്തിന്റെ പരിസരങ്ങള്‍.സമുദ്ര നിരപ്പില്‍നിന്നും രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മിക്കവാറും ദിവസങ്ങളിൽ ഇവിടെ കോടമഞ്ഞു മൂടിക്കിടക്കുകയായിരിക്കും. ചുട്ടുപൊള്ളുന്ന കര്‍ണ്ണാകയിലെ കാലവസ്ഥയില്‍ നിന്നും വിഭിന്നമാണ് ഈ മലമുകളിലെ അന്തരീക്ഷം.തൊട്ടടുത്ത നീലഗിരിയില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഗോപാല്‍സ്വാമി ബേട്ടയെ കുളിരണിയിക്കുന്നത്. ക്ഷേത്രത്തിനു നിന്നും താഴെ താഴ്വാരത്തേക്ക് നോക്കിയാൽ ചിലപ്പോൾ ആന, കാട്ടുപോത്ത് മുതലായ മൃഗങ്ങൾ മേയുന്നതു കാണാം. ക്ഷേത്രത്തിനു പിന്നിൽ കാടാണ്. രാവിലെ 8.30 മുതൽ വൈകീട്ട് 4.30 വരെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശന സമയം. ക്ഷേത്രത്തിൽ ജാതിമത ഭേദമന്യേ എല്ലാവര്ക്കും കയറാവുന്നതാണ്.

Exploring Gopal Swami Hills in Karnataka - A Must Visit Place Near Bandipur - YouTube

മഞ്ഞ കളര്‍‍ അടിച്ച ശ്രീകോവില്‍‍, ചുമപ്പും വെള്ളയും അടിച്ചു ഭംഗി ആക്കിയിരിക്കുന്ന മതില്‍കെട്ട് . ഏ.ഡി. 1315ല്‍ ചോളരാജാക്കന്മാതരുടെ കാലത്ത് നിര്മിറക്കപ്പെട്ടതാണു ഈ ക്ഷേത്രം എന്നു ചരിത്രങ്ങൾ പറയുന്നു. ഓടക്കുഴലുമായി നില്ക്കുന്ന ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ. വിഗ്രഹത്തിന് മുകളില്‍ സദാ തുഷാരബിന്ദുക്കള്‍ തങ്ങി നിൽക്കുന്നതിനാലാണത്രേ ഹിമവദ് എന്ന പേര് ലഭിച്ചത്. അഗസ്ത്യ മുനി തപസ്സ് ചെയ്ത് വിഷ്ണുഭഗവാനെ പ്രത്യക്ഷനാക്കി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണത്രേ ഇത്. ക്ഷേത്രത്തിന് ചുറ്റും 77 ദിവ്യജലസ്രോതസ്സുണ്ടെന്നാണ് ഐതിഹ്യം. ഇവിടത്തെ ഹംസതീര്ത്ഥണവും തൊട്ടില്‍ തീര്ത്ഥവും ഏറെ പേര് കേട്ടതാണ്. ഒരു കാക്ക വന്നു കുളിച്ചപ്പോള്‍ ഹംസമായി മാറിയെന്നാണ് ഐതിഹ്യം.മഞ്ചണ്ഡ രാജാവ് സഹോദരായ ശത്രുക്കളില്‍ നിന്നും കുതിരപ്പുറത്ത് കയറി ഭയന്നോടി ഈ മലയുടെ മുകളില്‍ നിന്നും ചാടി ആത്മഹത്യചെയ്തു എന്ന ചരിത്രവുമുണ്ട്.മാധവ ദണ്ഡനായകന്‍ ഇതിന്റെ വിഷമം തീര്‍ക്കാന്‍ കൂടിയാണ് മലമുകളില്‍ ദൈവപ്രതിഷ്ഠ നടത്തിയത്.

സത്യമംഗലം കാടുകളെ അടക്കിഭരിച്ച സാക്ഷാൽ വീരപ്പൻ ഇവിടുത്തെ സ്ഥിരം സന്ദർശകനായിരുന്നു. പൊലീസ് ഇവിടെ വിരിച്ച വല പൊട്ടിച്ച് പലവട്ടം അയാൾ രക്ഷപ്പെട്ടിട്ടുമുണ്ട്. തന്നെ രക്ഷപ്പെടുത്തുന്നത് സാക്ഷാൽ കൃഷ്ണനാണെന്ന് അയാൾ വിശ്വസിച്ചിരുന്നത്രേ.
ഇതുപോലെ തന്നെ മലമുകളിലെ കൃഷ്ണൻ അഭീഷ്ടവരദായകനാണെന്നതിന് കന്നഡിഗരും മലയാളികളുമായ ധാരാളം ഭക്തർ സാക്ഷ്യം പറയും.

ശനി, ഞായർ ദിവസങ്ങളിൽ ഇവിടെ സന്ദർശകരുടെ തിരക്ക് ഏറും. ഇവിടേക്ക് അതിരാവിലെ വരുന്നതാണ് ഏറ്റവും ഉത്തമം. കാരണം അപ്പോൾ ആയിരിക്കും കൂടുതൽ കോടമഞ്ഞിറങ്ങുന്നത്. രാത്രികാലങ്ങളിൽ ഇവിടെ ആനയിറങ്ങും എന്ന് മുകളിൽ ചെന്നുകഴിയുമ്പോൾ തന്നെ മനസ്സിലാകും. എന്തെന്നാൽ അവിടെ ആനപ്പിണ്ടങ്ങൾ കാണാവുന്നതാണ്. ബന്ദിപ്പൂർ ടൈഗർ റിസർവ്വിന്റെ ഭാഗമാണ് ഈ സ്ഥലങ്ങളെല്ലാം. മലമുകളില്‍ ഹോട്ടലോ ചായക്കടയോ ഒന്നുമില്ല. ഭക്ഷണം വേണമെങ്കിൽ താഴെനിന്നും കരുതണം. വൈകിട്ട് 5 മണിയോടുകൂടി ക്ഷേത്രവും അടച്ച് പൂജാരിയുംഅവസാന ബസ്സും മലയിറങ്ങിയാൽ പിന്നെ അമ്പലവും പരിസരവും വന്യമൃഗങ്ങൾക്ക് മാത്രം.

The post ബന്ദിപ്പൂരിനും ഗുണ്ടൽപേട്ടക്കും അടുത്തുള്ള ഗോപാൽസ്വാമി ബേട്ടയിലേക്ക്.. appeared first on Technology & Travel Blog from India.

Read Full Article
Visit website
 • Show original
 • .
 • Share
 • .
 • Favorite
 • .
 • Email
 • .
 • Add Tags 

കർണാടകയിലെ ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്ദിപ്പൂർ. ഒരു കടുവാ സംരക്ഷണകേന്ദ്രം കൂടിയായ ഇതിന്റെ വിസ്തൃതി 880 ചതുരശ്ര കിലോമീറ്ററാണ്. വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം,മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.

കടുവ, ആന എന്നിവയുടെ വിഹാര കേന്ദ്രമായ ബന്ദിപ്പൂര്‍ വനത്തിലൂടെ വാഹനത്തില്‍ കടന്നു പോകുമ്പോഴും നമുക്ക് വല്ലാത്തൊരു ഉള്‍ക്കിടിലം ഉണ്ടാകാറുണ്ട് എന്നതാണ് സത്യം. ഈ ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ ഒരു ദിവസം താമസിക്കാന്‍ അവസരം കിട്ടിയാലോ? കേവലം 1600 രൂപയ്ക്ക് ബന്ദിപ്പൂർ നാഷണൽ പാർക്ക് വനത്തിനുള്ളിൽ രണ്ട് പേർക്ക് ഫോറസ്റ്റിന്റെ കോട്ടേജിൽ ഒരു ദിവസം താമസിക്കാം. അധികമാര്‍ക്കും അറിയാത്ത ഒരു കാര്യമാണ് ഇത്.

ഇവിടെ താമസിക്കുവാനായി ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് റൂമുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. http://bandipurtigerreserve.in/ എന്ന വെബ്സൈറ്റ് മുഖേനയാണ് ബുക്ക് ചെയ്യേണ്ടത്. ബുക്ക് ചെയ്തിട്ട് അതിന്‍റെ പ്രിന്‍റ് ഔട്ട്‌ പേപ്പറും കൂടി നിങ്ങള്‍ കയ്യില്‍ കരുതേണ്ടതായുണ്ട്. കൂടാതെ നിങ്ങളുടെ ഐഡി കാര്‍ഡുകളും കൈവശം ഉണ്ടായിരിക്കണം. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വിന്‍റെ വനത്തിനുള്ളിലെ ഓഫീസില്‍ അതായത് സഫാരി ടിക്കറ്റുകള്‍ ലഭിക്കുന്ന ഇടത്ത് ഈ പ്രിന്‍റ് ഔട്ട്‌ കാണിക്കേണ്ടതാണ്. ബസ്സിനാണ്‌ നിങ്ങള്‍ വരുന്നത് എങ്കില്‍ ഓഫീസിനു സമീപത്തായി ബസ് സ്റ്റോപ്പ്‌ ഉണ്ട്. സ്വന്തം വാഹനത്തില്‍ വരുന്നവര്‍ക്ക് വണ്ടി കൊട്ടേജിന്റെ അടുത്ത് പാര്‍ക്ക് ചെയ്യാവുന്നതുമാണ്.

ബുക്ക് ചെയ്യുന്നവര്‍ മയൂര, കോകില, പപീഹ, ചിതൽ, വനസുമ എന്നീ കോട്ടേജുകൾ ബുക്ക് ചെയ്യുവാന്‍ ശ്രമിക്കുക. കാരണം ഈ കോട്ടേജുകലാണ് കാടിന്‍റെ തൊട്ടടുത്ത് ചേര്‍ന്നു കിടക്കുന്നത്. രാത്രിയായാല്‍ ഇതിനു സമീപം മാനുകളും ആനയും ഒക്കെ വരും. കൊട്ടെജിനുള്ളില്‍ ഇരുന്നു നിങ്ങള്‍ക്ക് ഇവയെ കാണുവാനും സാധിക്കും. ഇവിടത്തെ കോട്ടേജുകൾക്ക് അത്യാവശ്യം പഴക്കമുണ്ടെങ്കിലും മേല്‍പ്പറഞ്ഞവ ഇടയ്ക്ക് മോടി പിടിപ്പിച്ചിട്ടുള്ളവയാണ്. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ പോയപ്പോള്‍ വനശ്രീ എന്ന ബ്ലോക്ക് ആണ് ബുക്ക് ചെയ്തത്. അത് അത്ര പോര കേട്ടോ. വനശ്രീ കോട്ടേജില്‍ മൊത്തം നാലു മുറികള്‍ ഉണ്ട്. ബന്ദിപ്പൂര്‍ – മുതുമല ഹൈവേയ്ക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Stay Inside Forest in Bandipur National Park Guest House Malayalam Travel Vlog - YouTube

കോട്ടേജുകളുടെ സമീപത്ത് കുരങ്ങന്മാരുടെ ബഹളമാണ്. സിംഹവാലന്‍ കുരങ്ങുകളും ഇവിടെ ധാരാളമായി കാണാം. ഒപ്പം ആര്‍ക്കും ശല്യമുണ്ടാക്കാതെ പാവത്തന്മാരായി കാട്ടുപന്നികളും. നമ്മള്‍ നോക്കിയാല്‍ കള്ളദൃഷ്ടിയോടെ അവ നൈസായി മുങ്ങുന്നത് കാണാം. എന്നാലും ഇവയോടോന്നും അധികം അടുക്കാതിരിക്കുന്നതാണ് ബുദ്ധി.

ഇവിടെ താമസിക്കുവാന്‍ വരുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ താമസിക്കുന്നത് ഒരു കാട്ടിനുള്ളില്‍ ആണെന്ന ബോധം എപ്പോഴും ഉണ്ടായിരിക്കണം. മദ്യപാനം, പുകവലി എന്നിവ ഇവിടെ കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്. വന്യമൃഗങ്ങള്‍ കോട്ടേജുകൾക്ക് സമീപം മിക്കവാറും അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനാല്‍ ഒരു ശ്രദ്ധ എപ്പോഴും ഉണ്ടായിരിക്കണം. പ്രത്യേകിച്ച് രാത്രിയില്‍ പുറത്തിറങ്ങുന്നത് ഒരല്‍പം റിസ്ക്ക് ആണെന്ന് കൂട്ടിക്കോ. മാനുകള്‍, കുരങ്ങുകള്‍ മുതലായവയ്ക്ക് ഭക്ഷണ സാധനങ്ങള്‍ ഒന്നുംതന്നെ ഇട്ടു കൊടുക്കുവാന്‍ പാടുള്ളതല്ല. അതോടൊപ്പം തന്നെ ഇവിടെ താമസിക്കുവാന്‍ വരുമ്പോള്‍ കഴിവതും പ്ലാസ്ടിക് സാധനങ്ങള്‍ ഒഴിവാക്കുക. അഥവാ പ്ലാസ്ടിക് ഉണ്ടെങ്കില്‍ത്തന്നെ അവ അലക്ഷ്യമായി നിക്ഷേപിക്കാതിരിക്കുക.

താമസിക്കുവാന്‍ വരുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണിക്കാണ് ചെക്ക് ഇന്‍ സമയം. താമസം ഒരു ദിവസമേയുള്ളൂവെങ്കില്‍ പിറ്റേദിവസം രാവിലെ പത്തു മണിയ്ക്ക് ചെക്ക് ഔട്ട്‌ ചെയ്യണം. ഭക്ഷണത്തിനായി തൊട്ടടുത്ത് ഒരു റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നുണ്ട്. വെജിറ്റെറിയന്‍ ഭക്ഷണം മാത്രമേ ഇവിടെ ലഭിക്കുകയുള്ളൂ. നോണ്‍ വെജ്. പ്രിയര്‍ ഒരു ദിവസം ഒന്ന് അഡ്ജസ്റ്റ്‌ ചെയ്യുക.

താമസം ബുക്ക് ചെയ്യുന്നതോടൊപ്പം തന്നെ വേണമെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ നിന്നുള്ള ഫോറെസ്റ്റ് സഫാരിക്കു കൂടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഒരാള്‍ക്ക് 350 രൂപയാണ് ഇവിടെ സഫാരിയുടെ നിരക്ക്. വനംവകുപ്പിന്‍റെ മിനി ബസ്സിലായിരിക്കും സഫാരി. ജീപ്പ് സഫാരി വേണമെങ്കില്‍ 3000 രൂപ കൊടുക്കണം. ജീപ്പില്‍ ആറുപേര്‍ക്ക് സഞ്ചരിക്കാം. ഈ ആറു പേര്‍ക്കും കൂടിയുള്ള ചാര്‍ജ്ജാണ് ഇത്. സാധാരണ സഫാരി ഒരുമണിക്കൂര്‍ നേരത്തേക്ക് ആണ്. രാവിലെയും വൈകീട്ടും മാത്രമാണ് സഫാരി ഉള്ളത്. സഫാരി സമയം രാവിലെ 6.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമാണ്. ഇവിടെ താമസിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സഫാരി ഒരിക്കലും മിസ്സ്‌ ചെയ്യരുത്. കഴിവതും അതും മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടു വരിക.

സഫാരിയ്ക്ക് പോകുമ്പോള്‍ ആന, മാന്‍, മയില്‍ തുടങ്ങിയ മൃഗങ്ങളെ ഉറപ്പായും അടുത്തു കാണുവാന്‍ സാധിക്കും. ഭാഗ്യമുണ്ടെങ്കില്‍ കടുവയും പുലിയെയും ഒക്കെ നിങ്ങള്‍ക്ക് ദര്‍ശിക്കാം. മൃഗങ്ങളെ കാണുമ്പോള്‍ ബസ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി നമുക്ക് കാണിച്ചു തരും. കാടായതിനാല്‍ സഞ്ചാരികള്‍ നിശബ്ദത പാലിക്കണം. ഒച്ചപ്പാട് ഉണ്ടാക്കിയാല്‍ ഡ്രൈവറുടെ വക കന്നടയില്‍ നല്ല അസ്സല്‍ ചീത്ത കേള്‍ക്കാം. അതുകൊണ്ട് ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ തന്നെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ക്യാമറയുടെ ഫ്ലാഷ് ഓഫാക്കി വെക്കുകയും വേണം.

വനത്തിലാനെങ്കില്‍ മഴയിൽ പച്ചപ്പു കണ്ടു തുടങ്ങിയ കാട്ടു ചെടികൾ ഇടതൂർന്ന് നിൽക്കുന്നുണ്ട്. പക്ഷേ, ഭീകരതയില്ല. കാടിന്റെ സ്വത്തായ നിശ്ശബ്ദത വേണ്ടോളം ഉണ്ടു താനും. ആയിരത്തോളം സ്ക്വയർ കിലോമീറ്ററിൽ പരന്നു കിടക്കുന്ന ബന്ദിപ്പൂർ കാട്ടിൽ 107 ഓളം കടുവകളുണ്ട്. 90–95 പുളളിപ്പുലികളും കാണും. ബന്ദിപ്പൂരിലെ പ്രിൻസ് എന്ന കടുവ പ്രശസ്തനാണ്. മനുഷ്യരോട് വലിയ അടുപ്പമാണവന്. ചിലപ്പോൾ വണ്ടിക്കടുത്തൊക്കെ വന്നു നിൽക്കും. ഉപദ്രവിക്കില്ല. ഗൗരി എന്ന വേറൊരു കടുവയുമുണ്ടായിരുന്നു. ഇപ്പോള്‍ അവള്‍ ജീവിച്ചിരിപ്പില്ല. കടുവകൾ പുറത്തു വരുന്നത് വൈകുന്നേരങ്ങളിലാണ്. അതുകൊണ്ട് വൈകുന്നേരത്തെ റൈഡിന് തിരക്കു കൂടും.

രാത്രിയായാല്‍ മൃഗങ്ങളുടെ ശബ്ദങ്ങള്‍ അങ്ങിങ്ങായി നമുക്ക് കേള്‍ക്കാവുന്നതാണ്. കോട്ടേജുകൾക്ക് സമീപത്ത് ഏതാണ്ട് അഞ്ഞൂറോളം മാനുകള്‍ ദിവസേന രാത്രി വിശ്രമിക്കുവാന്‍ വരുമെന്ന് അവിടത്തെ കെയര്‍ടേക്കര്‍ വഴി അറിയുവാന്‍ സാധിച്ചു. ചിലപ്പോള്‍ ആനകളും പതിയെ സന്ദര്‍ശകരായി എത്താറുണ്ടത്രേ. അതുകൊണ്ട് രാത്രി അധികം പുറത്തിറങ്ങിയുള്ള കറക്കം ഒഴിവാക്കുക. മൊബൈല്‍ ഫോണുകള്‍ക്ക് മര്യാദയ്ക്ക് റേഞ്ച് ഇവിടെ കിട്ടുന്നതല്ല. ഇതെല്ലാം പ്രതീക്ഷിച്ചു വേണം ഇവിടേക്ക് താമസത്തിനായി വരുവാന്‍.

ഇതെല്ലാം കേട്ടപ്പോള്‍ നിങ്ങള്‍ക്ക് ഇവിടെ ഒരു ദിവസം താമസിക്കുവാന്‍ മോഹം തോന്നുന്നുണ്ടോ? എങ്കില്‍ ഒട്ടും മടിക്കേണ്ട. ഓണ്‍ലൈനായി ബുക്ക് ചെയ്ത് ഇങ്ങു പോന്നോളൂ. നിങ്ങളെ കാത്ത് മനോഹരങ്ങളായ നിമിഷങ്ങള്‍ ഇവിടെ കാത്തിരിക്കുന്നു…

The post 1600 രൂപയ്ക്ക് ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ ഒരു ദിവസത്തെ താമസം… appeared first on Technology & Travel Blog from India.

Read Full Article
Visit website
 • Show original
 • .
 • Share
 • .
 • Favorite
 • .
 • Email
 • .
 • Add Tags 

ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയിലതോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയായിരിക്കും പകരുന്നത്.

ഞാന്‍ കുറേ തവണ മൂന്നാറില്‍ പോയിട്ടുണ്ടെങ്കിലും എന്‍റെ അനിയനായ അഭിജിത്ത് ഇതുവരെ മൂന്നാര്‍ എന്‍റെ വീഡിയോകളിലൂടെ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. അവന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഇത്തവണത്തെ യാത്ര മൂന്നാറിലേക്ക് ആകാമെന്ന് ഞാന്‍ വിചാരിച്ചു.

അങ്ങനെ ഞങ്ങള്‍ കാറില്‍ പത്തനംതിട്ടയിലെ കോഴഞ്ചേരിയില്‍ നിന്നും മൂന്നാറിലേക്ക് യാത്രയാരംഭിച്ചു. കോട്ടയം ഭാഗത്ത് എത്തിയപ്പോള്‍ ഏകദേശം ഉച്ചയായി. നല്ല വിശപ്പ്‌. ‘നെടുവേലില്‍’ എന്നു പേരുള്ള ഒരു നാടന്‍ ഭക്ഷണ ഹോട്ടലിലാണ് ഞങ്ങള്‍ കയറിയത്. നല്ല മീന്‍ കറിയൊക്കെ കൂട്ടിയുള്ള കിടിലന്‍ ഊണ്. ചെമ്പല്ലി, കൊഴുവ തുടങ്ങിയ മീനൊക്കെ ഞങ്ങള്‍ ആസ്വദിച്ചു കഴിച്ചു. ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.

പകല്‍ ആയതിനാല്‍ റോഡില്‍ നല്ല ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ക്ലച്ച് ചവിട്ടി എന്‍റെ കാല് എന്നോട് കലിപ്പ് ഉണ്ടാക്കാന്‍ തുടങ്ങി. അങ്ങനെ തിരക്കിനോടും സമയത്തോടും മല്ലിട്ട് അവസാനം നേര്യമംഗലം പാലം എത്തിച്ചേര്‍ന്നു. മൂന്നാറിലേക്കുള്ള കവാടമായാണ് ഈ പാലം അറിയപ്പെടുന്നത്. ഇടുക്കി – എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. ആദ്യ യാത്ര ആയതിനാല്‍ അനിയന്‍ വളരെ ത്രില്ലിംഗ് ആയിരുന്നു. നേര്യമംഗലം പാലം കടന്ന് ഞങ്ങള്‍ വീണ്ടും മുന്നോട്ട്…

Abhijith's First Trip to Munnar - Tech Travel Eat Malayalam Daily Vlogs - YouTube

പോകുന്ന വഴിക്ക് വഴിയരികില്‍ കുറേ കടകള്‍ കാണാമായിരുന്നു. തേന്‍, ഉപ്പിലിട്ട വിഭവങ്ങള്‍, കൂള്‍ഡ്രിങ്ക്സ് മുതലായാല വില്‍ക്കുന്നവയാണ് ഈ കടകള്‍. ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി ഞങ്ങള്‍ ഉപ്പിലിട്ട മാങ്ങ വാങ്ങി കഴിച്ചു. പോകുന്ന വഴിക്ക് രണ്ടു കെഎസ്ആര്‍ടിസി ബസ്സുകള്‍ വളവില്‍ ഒരുമിച്ചു വന്നത് കാരണം കുറചു സമയം ബ്ലോക്ക് ആയി. തേനിയിലേക്ക് പോകുന്ന ഒരു ആനവണ്ടിക്കാരന്‍ കുത്തിക്കേറ്റിയത് മൂലമാണ് ഇത്രയും ബ്ലോക്ക് ഉണ്ടായത്. എന്താല്ലേ? അങ്ങനെ ബ്ലോക്ക് മാറിയതിനു ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു.

മൂന്നാര്‍ എത്തുന്നതിനു മുന്‍പായി ആനച്ചാല്‍ ഭാഗത്ത് പലതരം ചായകള്‍ ലഭിക്കുന്ന ‘ചായക്കോപ്പ’ എന്നു പേരുള്ള ഒരു കട കണ്ടു. കണ്ടപാടെ ഞങ്ങള്‍ കാര്‍ നിര്‍ത്തി ചായക്കോപ്പയിലേക്ക് കയറി. ഇതുവരെ കേട്ടിട്ടില്ലാത്ത ഉഗ്രന്‍ ‘മുന്തിരിച്ചായ’ ഓര്‍ഡര്‍ ചെയ്തു. ചായ സൂപ്പറാണ് കേട്ടോ… ഇതുവഴി പോകുകയാണെങ്കില്‍ ഒന്നു ട്രൈ ചെയ്തോളൂ. ചായയും കുടിച്ചു വൈകീട്ട് ആറുമണിയോടെ ഞങ്ങള്‍ വീണ്ടും യാത്രയായി. ഇത്രയും സമയം വലിയ തണുപ്പ് ഒന്നും അനുഭവപ്പെട്ടിരുന്നില്ല. ഇതാണോ മൂന്നാര്‍ എന്ന് അനിയന്‍ പുച്ഛഭാഗത്തില്‍ ചോദിച്ചു. ഇപ്പ ശരിയാക്കി തരാം എന്ന ഭാവത്തോടെ ഞാനും ഇരുന്നു.

വൈകുന്നേരം ആയപ്പോള്‍ മഞ്ഞു ഇറങ്ങിത്തുടങ്ങിയിരുന്നു. പതിയെപ്പതിയെ തണുപ്പ് പരന്നു തുടങ്ങി. അനിയന്‍ നേരത്തെ പറഞ്ഞ ഡയലോഗ് തിരിച്ചെടുത്തു എന്ന് സമ്മതിച്ചു. പോകുന്ന വഴിയില്‍ ഒറു തേയിലത്തോട്ടത്തിനു സമീപമായി ഞങ്ങള്‍ കുറച്ചുസമയം നിന്നു. മിനിട്ടുകള്‍ക്കകം ഞങ്ങളെ മഞ്ഞു മൂടി. ചുറ്റും ഉള്ളത് ഒന്നും കാണാന്‍ പറ്റാത്ത അത്രയും മഞ്ഞ്. അപ്പോഴേക്കും ഇരുട്ട് പരന്നു തുടങ്ങിയിരുന്നു. കുറച്ചു സമയത്തിനകം ഞങ്ങള്‍ മൂന്നാര്‍ ടൌണില്‍ എത്തി. ഞങ്ങളുടെ കാര്‍ അവിടെ പഞ്ചായത്തിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തു. ഞങ്ങള്‍ താമസിക്കുവാന്‍ പോകുന്നത് നേച്ചര്‍ സോണ്‍ എന്ന റിസോര്‍ട്ടില്‍ ആണ്. അവിടേക്ക് ജീപ്പില്‍ വേണം പോകുവാന്‍.

അടിപൊളി ഓഫ്റോഡ്‌ ജീപ്പ് യാത്രയ്ക്കു ശേഷം ഞങ്ങള്‍ നേച്ചര്‍ സോണ്‍ റിസോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ രാത്രി 7.30 കഴിഞ്ഞിരുന്നു. ഞങ്ങള്‍ ഇവിടെ താമസിക്കുവാന്‍ പോകുന്നത് ടെന്റില്‍ ആണ്. ബാക്കി വിശേഷങ്ങള്‍ ഇനി അടുത്ത എപ്പിസോഡില്‍….

The post എന്‍റെ അനിയന്‍റെ ആദ്യത്തെ മൂന്നാര്‍ യാത്ര.. appeared first on Technology & Travel Blog from India.

Read Full Article
Visit website
 • Show original
 • .
 • Share
 • .
 • Favorite
 • .
 • Email
 • .
 • Add Tags 

മൂന്നാറില്‍ യാത്ര പോകാത്തവര്‍ കുറവായിരിക്കും. എന്നാല്‍ നിങ്ങള്‍ അറിയാതെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഒക്കെയായി അധികമാരും അറിയാതെ ചില കിടിലന്‍ സംഭവങ്ങള്‍ ഉണ്ട്. അതും മിതമായ നിരക്കില്‍. അതുപോലൊരു സ്ഥലത്തെയാണ് ഇന്ന് നിങ്ങള്ക്ക് മുന്നില്‍ പരിചയപ്പെടുത്തുവാന്‍ പോകുന്നത്. നമ്മള്‍ ഒരു കിടിലന്‍ റിസോര്‍ട്ടിലേക്കാണ് ഇത്തവണ പോകുന്നത്.

2500 രൂപയ്ക്ക് 2 പേർക്ക് ഒരു ആഫ്രിക്കൻ ടെന്റിൽ ഒരു ദിവസം താമസിക്കാം. മൂന്നാർ ആനച്ചാലിലുള്ള സീസൺ 7 എന്ന നേച്ചർ റിസോർട്ടിലാണ് ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് ഈ ഓഫർ ലഭിക്കുന്നത്. മൂന്നാറില്‍ നിന്നും 17 കിലോമീറ്റര്‍ മാറി ആനച്ചാലിനു സമീപത്തായി മേരിലാന്‍ഡ് എന്നൊരു സ്ഥലമുണ്ട്. അവിടെയാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. 2500 രൂപ മുതല്‍ ഇവിടെ റൂമുകള്‍ ലഭ്യമാണ് എന്നതാണ് ഈ റിസോര്‍ട്ടിനെ വ്യത്യസ്തമാക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തുകയ്ക്ക് നല്ലൊരു ഹോളിഡേ മൂഡ്‌ തരുന്ന ഒരു കിടിലന്‍ സ്ഥലം.

ഇടുക്കിയിലെ പൊന്മുടി ഡാം ഇവിടെ നിന്നാല്‍ കാണാവുന്നതാണ്. അതുകൂടാതെ ചുറ്റും നല്ല വ്യൂ ലഭിക്കുന്ന മനോഹരമായ കാഴ്ചകളും കാണാം. ജിയോ, വോഡഫോണ്‍ മുതലായവയ്ക്ക് എല്ലാംതന്നെ ഇവിടെ നല്ല റേഞ്ച് ലഭിക്കും.ഇവിടെ രണ്ട് കാറ്റഗറിയായിട്ടുള്ള റൂമുകള്‍ നിങ്ങള്‍ക്ക് താമസിക്കുവാനായി ലഭിക്കും. വാലി വ്യൂ റൂമുകളും പിന്നെ ആഫ്രിക്കന്‍ ടെന്റുകളും.

ആഫ്രിക്കന്‍ ടെന്റുകള്‍ എന്നു കേട്ട് ഞെട്ടിയോ? ഞെട്ടണ്ട… ടെന്റ് ആണെങ്കിലും നല്ലൊരു കൊട്ടേജിലെ പോലെയാണ് ഉള്‍വശം. സിമന്റ് തിണ്ണയില്‍ ആണ് ഈ ടെന്റുകള്‍ ഉറപ്പിച്ചിരിക്കുന്നത്. ഫാന്‍, കട്ടില്‍, മേശ, കസേര, അലമാര തുടങ്ങിയവയൊക്കെ ടെന്റില്‍ ഉണ്ടായിരിക്കും. ബാത്ത്റൂം ആണെങ്കില്‍ പറയുകയേ വേണ്ട.. നല്ല കിടിലന്‍ തന്നെ. പ്രകൃതിയെ ആസ്വദിക്കുന്നവര്‍ക്ക് ഇവിടത്തെ താമസം നന്നായി ഇഷ്ടപ്പെടും. 8 ടെന്റുകളും 3 വാലി വ്യൂ മുറികളുമാണ് ഇവിടെ ലഭ്യമായിട്ടുള്ളത്.

2500 രൂപയ്ക്ക് ആഫ്രിക്കൻ ടെന്റിൽ ഒരു ദിവസം താമസിക്കാം - Season 7 Nature Resort Munnar - YouTube

ഇവിടെ താമസിക്കുവാന്‍ വരുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ജീപ്പ് സഫാരിയും മറ്റും റിസോര്‍ട്ടുകാര്‍ തന്നെ അറേഞ്ച് ചെയ്ത് കൊടുക്കുന്നതായിരിക്കും. ഒരു ജീപ്പ് സഫാരി പോയാൽ പൊന്മുടി ഡാമും, തൂക്കു പാലവും, വെള്ളച്ചാട്ടവും ഒക്കെ എക്‌സ്‌പ്ലോർ ചെയ്യാൻ സാധിക്കും. അതുകൊണ്ട് ജീപ്പ് സഫാരി തിരഞ്ഞെടുക്കുന്നത് നിങ്ങള്‍ക്ക് നല്ലൊരു അനുഭവമായിരിക്കും സമ്മാനിക്കുന്നത്.

റിസോര്‍ട്ടില്‍ ടോള്‍ ഗ്രാസ്സ് എന്നു പേരുള്ള ഒരു റെസ്റ്റോറന്റ് ഉണ്ട്. നിങ്ങളുടെ ഇഷ്ടത്തിനുള്ള ഭക്ഷണം ഇവിടെ ലഭിക്കുന്നതായിരിക്കും. റിസോര്‍ട്ടില്‍ അധികം താമസക്കാര്‍ ഉള്ള സമയത്ത് ബുഫേ മോഡലില്‍ ആയിരിക്കും ഭക്ഷണം. രാവിലെ 8 മണി 9.30 വരെയായിരിക്കും ബ്രേക്ക് ഫാസ്റ്റ് സമയം. ഡിന്നര്‍ ആകട്ടെ രാത്രി 8 മുതല്‍ 10 വരെയും. ഭക്ഷണത്തിന്‍റെ രുചി നിങ്ങള്‍ നേരിട്ട് അനുഭവിച്ചോളൂ. റിസോര്‍ട്ടിലെ ചെക്ക് ഇന്‍ സമയം ഉച്ചയ്ക്ക് 12 മണിയും ചെക്ക് ഔട്ട്‌ സമയം രാവിലെ 10.30 നും ആയിരിക്കും.

രാത്രിയായാല്‍ ക്യാംപ് ഫയര്‍ മുതലായ ആക്ടിവിറ്റികള്‍ നിങ്ങളെ എന്ജോയ്‌ ചെയ്യിക്കും.മൂന്നാറിലെപ്പോലെ അത്രയ്ക്ക് തണുപ്പ് ഇവിടെ ഉണ്ടായിരിക്കില്ലെങ്കിലും അത്യാവശ്യം തണുപ്പൊക്കെ ഫീല്‍ ചെയ്യുന്ന ഒരു ഏരിയയാണ് ഇത്. പ്രത്യേകിച്ച് രാത്രിയിലും അതിരാവിലെയും. കൂട്ടമായി വരുന്നവര്‍ക്ക് ക്യാംപ് ഫയര്‍ ഒക്കെ ശരിക്ക് ആസ്വദിക്കാവുന്നതാണ്. റിസോര്‍ട്ടിനു കുറച്ച് അപ്പുറത്തായി ഒരു പുഴയുണ്ട്. ആ പുഴ ഒഴുകുന്ന ശബ്ദം നിങ്ങള്‍ക്ക് ടെന്റിനു മുന്നില്‍ നിന്നാല്‍ വളരെ വ്യക്തമായി കേള്‍ക്കുവാന്‍ സാധിക്കും. വരുന്നവര്‍ ആ പുഴ കൂടി കാണുവാന്‍ മറക്കല്ലേ.

ബാച്ചിലേഴ്‌സിനും ടെന്റ് സ്റ്റേ ഇഷ്ടപ്പെടുന്ന ഫാമിലിക്കും അനിയോജ്യമാണ് ഈ സ്ഥലം. ഇതൊരു ബഡ്ജറ്റ് റിസോർട്ട് ആണ്, ക്യാമ്പ് ഫയർ, ബാർബിക്യൂ തുടങ്ങിയ സംവിധാനങ്ങൾ ചെയ്യാൻ സാധിക്കും. 2500 രൂപയ്ക്ക് താമസവും ബ്രെക്ക്ഫാസ്റ്റും ലഭിക്കും. യാതൊരുവിധ ശബ്ദമലിനീകരണവും ഇല്ലാത്ത ഒരിടം തേടി നിങ്ങള്‍ നടക്കുകയാണെങ്കില്‍ ഒട്ടും മടിക്കേണ്ട.. ഇങ്ങു പോന്നോളൂ. ബുക്കിംഗിനായി വിളിക്കാം: 7592055544, 7592055588.

The post 2500 രൂപയ്ക്ക് ആഫ്രിക്കൻ ടെന്‍റിൽ രണ്ടുപേര്‍ക്ക് ഒരു ദിവസം താമസിക്കാം.. appeared first on Technology & Travel Blog from India.

Read Full Article
Visit website
 • Show original
 • .
 • Share
 • .
 • Favorite
 • .
 • Email
 • .
 • Add Tags 

സമാനതകളില്ലാത്ത സുന്ദര പ്രകൃതിയാണ് വയനാട് ജില്ലയെ ശ്രദ്ധേയമാകുന്നത്. വയനാട്ടിൽ വരുമ്പോ കുടുംബമായി വന്ന് താമസിക്കാൻ ഒരടിപൊളി സ്ഥലം.. ഒരു റിസോര്‍ട്ട് ആണ് ഇന്നു നിങ്ങള്‍ക്കു മുന്നില്‍ പരിചയപ്പെടുത്തുന്നത്. താമരശ്ശേരി ചുരം കയറി വയനാട്ടിലേക്ക് പ്രവേശിക്കുന്നത് ലക്കിടി എന്ന സ്ഥലത്തേക്ക് ആണ്. കേരളത്തിലെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലമായ ലക്കിടി… ഈ ലക്കിടിയില്‍ത്തന്നെയാണ് മുന്‍പ് പറഞ്ഞ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. മെയിന്‍ റോഡില്‍ നിന്നും ഏകദേശം 100 മീറ്റര്‍ മാറിയാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പറയാന്‍ മറന്നു… ഗിരാസോള്‍ എന്നാണു ഈ റിസോര്‍ട്ടിന്‍റെ പേര്.

പഴയ വൈത്തിരിയില്‍ കുന്നിടിച്ചു നിരത്താതെ പരിസ്ഥിതിയോടും പ്രകൃതിയോടും നീതി പുലര്‍ത്തി നിര്‍മ്മിച്ചിരിക്കുന്ന ഗിരാസോള്‍ ഹോട്ടല്‍ നല്‍കുന്നത് മികച്ച സേവനങ്ങളും ബഡ്ജറ്റ് താമസസൗകര്യങ്ങളും ആണ്. ‘ഗിരാസോള്‍’ – ആരും കേട്ടിട്ടില്ലാത്ത ഒരു പേര്. ഈ പേര് എങ്ങനെയാണ് ഈ റിസോര്‍ട്ടിനു കിട്ടിയത് എന്നറിയാമോ? പറയാം…

ഈ റിസോര്‍ട്ടിന്‍റെ ഉടമയായ ഗുരുവായൂര്‍ സ്വദേശി അന്‍വര്‍ ദീര്‍ഘകാലം ആഫ്രിക്കയിലെ അംഗോള എന്ന രാജ്യത്തായിരുന്നു ജോലി ചെയ്തിരുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ്‌ പോർച്ചുഗീസ്‌ കോളനിയായിരുന്ന ഈ സ്ഥലത്തെ പ്രധാന ഭാഷകളില്‍ ഒന്ന് പോര്‍ച്ചുഗീസ് ആണ്. ഗിരാസോള്‍ എന്നാല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ ‘സൂര്യകാന്തി’ എന്നാണ് അര്‍ത്ഥം. അംഗോളയുമായി ബന്ധപ്പെട്ടാണ് ഈ റിസോര്‍ട്ടിലെ റൂമുകളുടെ പേരുകളും. 25 വര്‍ഷത്തോളം ജോലിചെയ്ത രാജ്യത്തോടുള്ള സ്നേഹവും കൂറും അന്‍വര്‍ പ്രകടിപ്പിച്ചത് ഇങ്ങനെയാണ്. ഇവിടെ താമസത്തിനായി എത്തുന്ന ഗസ്റ്റുകളോട് ഒരു സുഹൃത്തിനെപ്പോലെ പെരുമാറുന്ന അന്‍വര്‍ എല്ലാ മുതലാളിമാരില്‍ നിന്നും വ്യത്യസ്തനാണ്.

വയനാട്ടിൽ വരുമ്പോ താമസിക്കാൻ Girassol Serviced Villa Wayanad Trip with Malayalam Tech Ajith - YouTube

സ്വിമ്മിംഗ് പൂള്‍ ആണ് ഗിരാസോളിലെ പ്രധാന ആകര്‍ഷണം. ചെറിയ പൂള്‍ ആണെങ്കിലും വളരെ ഭംഗിയുള്ളതും മികച്ചതുമാണ് ഇവിടത്തെ സ്വിമ്മിംഗ് പൂള്‍. പൂളില്‍ നിന്നും നോക്കിയാല്‍ അകലെ ചെമ്പ്ര മലനിരകളും കാണാം. രാവിലെ മുതല്‍ രാത്രി 10 മണി വരെ ഗസ്റ്റുകള്‍ക്ക് പൂള്‍ ഉപയോഗിക്കാവുന്നതാണ്. സാധാരണ ഹോട്ടലുകളില്‍ രാത്രി എഴുമണി വരെയൊക്കെയാണ് സ്വിമ്മിംഗ് പൂള്‍ സമയം. എന്നാല്‍ ഇവിടെ നല്ല റിലാക്സ് ആയി രാത്രിയുടെ സൌന്ദര്യം ആസ്വദിച്ച് രാത്രി വൈകിയും പൂളില്‍ നീന്തിത്തുടിക്കാം. പക്ഷേ ഭക്ഷണസാധനങ്ങളും മദ്യവുമൊക്കെ സ്വിമ്മിംഗ് പൂള്‍ പരിസരത്ത് അനുവദനീയമല്ല.

അതുപോലെതന്നെ ഇവിടത്തെ എല്ലാ റൂമുകളും മികച്ച സൌകര്യങ്ങള്‍ ഉള്ളവയാണ്. മൊത്തം 12 റൂമുകളാണ് ഇവിടെയുള്ളത്. വലിയ സംഘങ്ങളായി വരുന്നവര്‍ക്ക് ഡോര്‍മിറ്ററി സൗകര്യങ്ങളും ഗിരാസോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വെറും ഡോര്‍മിറ്ററിയല്ല, നല്ല A/C ഡോര്‍മിറ്ററി തന്നെ… താമസക്കാര്‍ക്ക് ഭക്ഷണവും ഇവിടെ നിന്നും ലഭിക്കുന്നതായിരിക്കും. അണ്‍ലിമിറ്റഡ് ഭക്ഷണത്തിനു പ്രത്യേകം ചാര്‍ജ്ജ് കൊടുത്താല്‍ മതി. മുകളിലെ നിലയിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഉന്തുവണ്ടിയും സൈക്കിളും ഒക്കെ റെസ്റ്റോറന്റില്‍ വെച്ചിരിക്കുന്നത് എല്ലാവരെയും ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്.

സിനിമകളിലെ വില്ലന്മാരും പണക്കാരും ഒക്കെ ക്ലബ്ബുകളില്‍ കളിക്കുന്ന പൂള്‍ ടേബിള്‍ കളിക്കുവാനുള്ള സൌകര്യവും ഇവിടെയുണ്ട്. ഒപ്പം ചെസ്സ്‌, ഫൂസ്ബോള്‍ (കൈ കൊണ്ട് കളിക്കുന്ന ഫുട്ബോള്‍ ഗെയിം) പോലുള്ള മറ്റു വിനോദങ്ങളും. ഇവിടെ വരുന്ന ഗസ്റ്റുകള്‍ക്ക് വയനാട് ചുറ്റിക്കാണുവാന്‍ വിവിധ പാക്കേജുകളും ലഭ്യമാണ്.

എന്തൊക്കെയായാലും വയനാട്ടില്‍ കുറഞ്ഞ റേറ്റില്‍ സ്വിമ്മിംഗ് പൂള്‍ സൗകര്യത്തോടെയുള്ള താമസ സൗകര്യങ്ങള്‍ ഗിരാസോളില്‍ അല്ലാതെ വേറെങ്ങും ലഭിക്കുകയില്ല. സ്വിമ്മിംഗ് പൂൾ ഒക്കെയുള്ള ഈ ചെറിയ റിസോർട്ടിൽ 2800 രൂപ മുതൽ മുറികൾ ലഭ്യമാണ്‌. വിവരണവും മുകളില്‍ തന്നിരിക്കുന്ന വീഡിയോയും ഒക്കെ കണ്ടിട്ട് ഇവിടെ ഒന്ന് താമസിക്കണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ ധൈര്യമായി വിളിക്കാം – 7025367175.

The post വയനാട്ടിൽ വരുമ്പോ കുടുംബമായി വന്ന് താമസിക്കാൻ ഒരടിപൊളി സ്ഥലം… appeared first on Technology & Travel Blog from India.

Read Full Article
Visit website
 • Show original
 • .
 • Share
 • .
 • Favorite
 • .
 • Email
 • .
 • Add Tags 

വേനല്‍ക്കാലം കഴിയാറായി എങ്കിലും ചൂടിനു കുറവൊന്നും കാണുന്നില്ല. അവധിക്കാലം കൂടിയായ ഈ സമയത്ത് മനസ്സു കുളിര്‍പ്പിക്കാന്‍ ഏതെങ്കിലും സ്ഥലങ്ങളിലേക്ക് യാത്ര പോകുവാന്‍ പ്ലാന്‍ ചെയ്യുന്നവരാണ് പലരും. അങ്ങനെയെങ്കില്‍ അധികമാരും അറിയാത്ത… തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ മാത്രം യാത്രയുള്ള ഈ വെള്ളച്ചാട്ടങ്ങള്‍ ഒന്ന് സന്ദര്‍ശിച്ചാലോ?

തൃപ്പരപ്പ് വെള്ളച്ചാട്ടം : തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റര്‍ മാത്രം ദൂരത്താണ് കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പ് വെള്ളച്ചാട്ടം. സാധാരണയായി മലയാളി യാത്രികര്‍ക്ക് ഈ വെള്ളച്ചാട്ടം പരിചിതമായിരിക്കില്ല. ആ വശത്തെ കേരളത്തിന്‍റെ അതിര്‍ത്തി പ്രദേശമായ വെള്ളറടയിലേയ്ക്ക് തൃപ്പരപ്പില്‍ നിന്നും കഷ്ടിച്ച് പത്തു കിലോമീറ്റര്‍ ദൂരമേ ഉണ്ടാവൂ. ‘കുമാരി കുറ്റാലം’ എന്നാണ് തൃപ്പരപ്പ് വെള്ളച്ചാട്ടത്തിന്‍റെ മറ്റൊരു പേര്. ഈ വെള്ളച്ചാട്ടത്തില്‍ സഞ്ചാരികള്‍ക്ക് കുളിക്കുവാനും മറ്റുമുള്ള സൌകര്യങ്ങള്‍ ഉള്ളതിനാല്‍ ധാരാളം ആളുകള്‍ ഇവിടെ എത്തുന്നുണ്ട്.

മലയാളികള്‍ കൂടുതലായും തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരായിരിക്കും ഇവിടെ സന്ദര്‍ശിക്കുന്നത്. മധ്യ- വടക്കന്‍ കേരളത്തിലുള്ളവര്‍ തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയില്‍ വന്ന് സന്തോഷിച്ചു മടങ്ങാറാണ് പതിവ്. തൃപ്പരപ്പ് വെള്ളച്ചാട്ടത്തിനോടു ചേര്‍ന്ന് ഒരു ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. 12 ശിവാലയങ്ങളില്‍ ഒന്നാണ് ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രം. ക്ഷേത്രത്തിനു മുന്നിലൂടെ, പാറക്കൂട്ടങ്ങള്‍ക്ക് മുകളിലൂടെ പരന്നൊഴുകുന്ന കോതയാര്‍, അല്‍പം താഴെ ചെന്ന് 50 അടി താഴ്ചയിലേക്ക് കൂപ്പുകുത്തുന്നതാണ് തൃപ്പരപ്പ് ഫാള്‍സ്. കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വ്വീസ് ഇവിടേക്ക് ലഭ്യമാണ്. സമയവിവരങ്ങള്‍ക്ക് www.aanavandi.com സന്ദര്‍ശിക്കാവുന്നതാണ്.

കുരിശടി വെള്ളച്ചാട്ടം : മങ്കയം നദിയില്‍ നിന്നും രൂപപ്പെട്ടിട്ടുള്ള ഒരു വെള്ളച്ചാട്ടമാണ് കുരിശടി വെള്ളച്ചാട്ടം. ഇതൊരു ചെറിയ വെള്ളച്ചാട്ടം ആണെങ്കിലും മനോഹരമാണ്. ഇവിടത്തെ പ്രധാനപ്പെട്ട മറ്റൊരു ആകര്‍ഷണം എന്തെന്നാല്‍ ഇവിടേക്കുള്ള കിടിലന്‍ യാത്രയും ഒപ്പം തന്നെ ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിലുള്ള ട്രെക്കിംഗുമാണ്. തിരുവനന്തപുരത്തു നിന്നും ഏകദേശം 45 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. റൂട്ട്: തിരുവനന്തപുരത്ത് നിന്നും നെടുമങ്ങാട്, ചുള്ളിമാനൂര്‍, വഴി പാലോട് എത്തി പാലോട് നിന്നും പെരിങ്ങമ്മല, ഇടിഞ്ഞാള്‍ വഴി മങ്കയം എത്താം. വെള്ളച്ചാട്ടത്തില്‍ കുളിക്കേണ്ടവര്‍ക്ക് അതിനും, ഫാമിലിയ്ക്ക് കുളിക്കാന്‍ പ്രത്യേകവും സൌകര്യമുണ്ട്. ഒരാള്‍ക്ക് 20 രൂപ പ്രവേശനഫീസ്.വാഹനത്തിന് 10 രൂപ.

കലക്കയം വെള്ളച്ചാട്ടം : തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് പോലും അത്ര പരിചിതമല്ല ഈ വെള്ളച്ചാട്ടം. കാരണം ഇവിടേക്ക് എത്തിച്ചേരുക അത്ര എളുപ്പമല്ല എന്നത് തന്നെ. വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന കലക്കയം വെള്ളച്ചാട്ടത്തിലേക്ക് ഒരു പ്രാദേശിക ഗൈഡുമായി യാത്ര ചെയ്യുന്നതാണ് ഉത്തമം. ഇവിടേക്കുള്ള യാത്ര ഒരു ചെറിയ ട്രെക്കിംഗ് തന്നെയാണ്. ഒരല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പരീക്ഷിക്കുവാന്‍ പറ്റിയ ഒരു സ്ഥലം കൂടിയാണ് ഇത്. കാട്ടിലൂടെ ഒഴുകി വന്നു പതിക്കുന്നതിനായതിനാല്‍ ഈ വെള്ളത്തിനു പല ഔഷധ ഗുണങ്ങളും ഉണ്ടെന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരത്തു നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.

വാഴ്‌വന്തോൾ വെള്ളച്ചാട്ടം : തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തിലാണ് വാഴ്‌വന്തോൾ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വിതുരയില്‍ നിന്നും ഏകദേശം 17 കി.മീ. വാഹനത്തിലും പിന്നീട് അവിടുന്ന് രണ്ടു മൂന്നു കിലോമീറ്റര്‍ വനത്തിലൂടെ കാല്‍നടയായും സഞ്ചരിച്ചു വേണം ഇവിടേക്ക് എത്തുവാന്‍. ഈ യാത്രയില്‍ കാണിത്തടം എന്ന ചെക്ക് പോസ്റ്റില്‍ നിന്നും അനുമതിയും പാസ്സുമൊക്കെ വാങ്ങേണ്ടതായുണ്ട്. നഗരത്തിരക്കിൽ നിന്നും ‌ബഹളത്തിൽ നിന്നും ശാന്തത തേടി യാത്ര ചെയ്യുന്നവർക്ക് ‌പറ്റിയ സ്ഥലമാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം. ചെങ്കുത്തായതും വഴുക്കലുള്ളതുമായ പാറകളും നീര്‍ചാലുകളുമെല്ലാം കടന്നാണ് യാത്ര. അഗസ്ത്യ മലയുടെ അടിത്തട്ടില്‍ 85 അടി ഉയരത്തില്‍ നിന്ന് വീഴുന്ന ഈ വെള്ളച്ചാട്ടം സഞ്ചാരികളുടെ മനസ്സു കവരും എന്നുറപ്പാണ്.

ചിത്രങ്ങള്‍ – ഗൂഗിള്‍, കേരള ടൂറിസം.

The post തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ കൊണ്ട് കാണാം ഈ വെള്ളച്ചാട്ടങ്ങള്‍… appeared first on Technology & Travel Blog from India.

Read Full Article
Visit website
 • Show original
 • .
 • Share
 • .
 • Favorite
 • .
 • Email
 • .
 • Add Tags 

വിമാനത്തില്‍ യാത്ര ചെയ്യാന്‍ കൊതിയില്ലാത്തവര്‍ ആരാണുള്ളത്? നമ്മുടെ മാതാപിതാക്കളുമായി ചുരുങ്ങിയ ചെലവില്‍ ഒരു വിമാനയാത്ര പ്ലാന്‍ ചെയ്യാം. എങ്ങോട്ട് പോകണം? വിഷമിക്കേണ്ട നിങ്ങള്‍ക്കായി നല്ലൊരു ട്രിപ്പ് ഞങ്ങള്‍ പ്ലാന്‍ ചെയ്തു തരാം. മധ്യകേരളത്തില്‍ ഉള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ യാഥാര്‍ഥ്യമാക്കുവാന്‍ കഴിയുന്ന ഒരു ട്രിപ്പ്‌.

കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ പോകാം. ഇതിനായി വിമാന ടിക്കറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്യണം. ടിക്കറ്റ് നമുക്ക് സ്വയം ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്. Goibibo, Make My Trip, Happy Easygo, Ease My Trip മുതലായ ബുക്കിംഗ് സൈറ്റുകളെ ഇതിനായി ആശ്രയിക്കാം. മുകളില്‍ പറഞ്ഞവയില്‍ Ease My Trip വഴി ബുക്ക് ചെയ്യുകയാണെങ്കില്‍ എക്ട്രാ ചാര്‍ജ്ജ് ഒഴിവാക്കി ലഭിക്കും. ഏതെങ്കിലും ഒരു സൈറ്റില്‍ ഓടിക്കയറി ബുക്ക് ചെയ്യാതെ എല്ലാത്തിലും കയറി റേറ്റ് പരിശോധിക്കണം. കുറഞ്ഞ റേറ്റ് നോക്കി വേണം ബുക്ക് ചെയ്യാന്‍. ഇനി ഇതെല്ലാം ബുദ്ധിമുട്ടായി തോന്നുന്നവര്‍ക്ക് ഒരു ട്രാവല്‍ ഏജന്‍സിയെ സമീപിക്കാവുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് കുറഞ്ഞ റേറ്റില്‍ പാക്കേജ് ചെയ്യുന്ന ഈസി ട്രാവലിനെ വിളിക്കാം: 8943566600.

കൊച്ചി – തിരുവനന്തപുരം വിമാനയാത്രയ്ക്ക് ഒരു ടിക്കറ്റിനു ശരാശരി 1300+ Tax (Extra Charge) ആകും. ചിലപ്പോള്‍ ചില വിമാനക്കമ്പനികളുടെ ഓഫര്‍ നിലവിലുണ്ടെങ്കില്‍ അതിലും കുറഞ്ഞ നിരക്കിലും ലഭിക്കും. യാത്ര പോകുന്ന ദിവസത്തിനു ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും മുന്‍പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. കാരണം ടിക്കറ്റ് ചാര്‍ജ്ജ് ഓരോ ദിവസം കൂടുന്തോറും കൂടിക്കൂടി വരും. സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ നാളത്തെ ചാര്‍ജ്ജ് ഒന്ന് എടുത്തു നോക്കൂ. വല്ല നാലായിരമോ ആറായിരമോ ഒക്കെ കാണാം. രാവിലെ 10 മണിക്കു മുന്പായുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് ഉത്തമം.

ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവയുടെ രണ്ടു കോപ്പികള്‍ പ്രിന്‍റ് എടുത്തു വെക്കുക. യാത്രാ ദിവസമാകുമ്പോള്‍ ഒരു പ്രിന്‍റ് കാണാതായാലും വേറെ പ്രിന്‍റ് എടുക്കാന്‍ ഓടേണ്ടി വരരുത്. അതിനാണ് രണ്ടു പ്രിന്‍റ് എടുക്കുവാന്‍ പറഞ്ഞത്. വിമാനയാത്ര മാത്രമാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ ഒരു ദിവസംകൊണ്ട് തിരുവനന്തപുരത്ത് പോയി വരാന്‍ സാധിക്കും. അങ്ങനെയാണെങ്കില്‍ ലഗേജുകള്‍ ഒന്നുംതന്നെ വേണ്ടിവരില്ല.

യാത്ര പോകുന്നവരുടെ ഐഡന്റിറ്റി കാര്‍ഡ് (ആധാര്‍) ഒറിജിനല്‍ കൈവശം നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. കാരണം എയര്‍പോര്‍ട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ഐഡന്റിറ്റി കാര്‍ഡ് കാണിക്കണം. ഇന്ത്യയ്ക്ക് അകത്താണ് യാത്രയെന്നതിനാല്‍ പാസ്പോര്‍ട്ട്‌ ഇല്ലാത്തവര്‍ വിഷമിക്കേണ്ടതില്ല. പ്രായമായവര്‍ക്കും ചില സാധാരണക്കാര്‍ക്കും ഇതിനെക്കുറിച്ച് ഇന്നും വലിയ പിടിയില്ല. ആദ്യ വിമാനയാത്ര ആണെങ്കില്‍ കഴിവതും കുറച്ചു നേരത്തെ തന്നെ എയര്‍പോര്‍ട്ടില്‍ എത്തണം. എയര്‍പോര്‍ട്ടിലെ ആഭ്യന്തര ടെര്‍മിനലില്‍ ആണ് നമ്മള്‍ ചെല്ലേണ്ടത്. പുതിയ ടെര്‍മിനല്‍ (T3) വിദേശത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഉള്ളതാണ്.

എയര്‍പോര്‍ട്ടിനകത്ത് കയറിയ ശേഷം നമ്മുടെ എയര്‍ലൈന്‍ ഏതാണോ അവരുടെ ചെക്ക് ഇന്‍ കൌണ്ടറില്‍ ടിക്കറ്റ് കാണിക്കുക. ചെക്ക് ഇന്‍ ചെയ്ത ശേഷം സമയം ആയെങ്കില്‍ ബാക്കി ദേഹപരിശോധനകള്‍ക്ക് വിധേയമാകണം. അതിനു ശേഷം വിമാനം പുറപ്പെടുന്ന ഗേറ്റിനടുത്തുള്ള വെയിറ്റിംഗ് ഏരിയയില്‍ കാത്തിരിക്കാം.വിമാനം പുറപ്പെടുന്ന സമയവും മറ്റു വിവരങ്ങളും അവിടെ സ്ക്രീനുകളില്‍ കാണാം. ബോര്‍ഡിംഗ് ആരംഭിക്കുമ്പോള്‍ ഏതാണ്ട് സിനിമാ തിയേറ്ററില്‍ ഒക്കെ കയറുന്ന പോലെ ക്യൂവായി നിന്ന് വിമാനത്തിലേക്ക് നീങ്ങാവുന്നതാണ്.

കൊച്ചിയില്‍ നിന്നും ഏകദേശം അരമണിക്കൂര്‍ സമയമെടുക്കും തിരുവനന്തപുരത്ത് ഇറങ്ങുവാന്‍. പകല്‍ ആണെങ്കില്‍ നല്ല മനോഹരമായ ആകാശക്കാഴ്ചകളും ആസ്വദിക്കാം. പകല്‍ പോകുന്നതു തന്നെയാണ് നല്ലതും. കൊച്ചി എയര്‍പോര്ട്ടിനെ അപേക്ഷിച്ച് തിരക്കു കുറവായിരിക്കും തിരുവനന്തപുരം വിമാനത്താവളത്തില്‍. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും സിറ്റിയിലേക്ക് ബസ്സുകള്‍ ലഭിക്കും. ശംഘുമുഖം ഭാഗത്തേക്ക് കുറച്ചു നടക്കണമെന്നു മാത്രം. ഓട്ടോക്കാരുടെ വലയില്‍ വീഴാതെ ശ്രദ്ധിക്കണം. പരിചയമില്ലാത്തവര്‍ ആകുമ്പോള്‍ ഓട്ടോക്കാര്‍ നന്നായി പറ്റിക്കാന്‍ സാധ്യതയുണ്ട്.

ശംഘുമുഖം ബീച്ച് കൂടി സന്ദര്‍ശിച്ച ശേഷം സിറ്റിയിലേക്ക് പോകുന്നതാണ് നല്ലത്. പകല്‍ സമയം ആയതിനാല്‍ നല്ല വെയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് യാത്ര പുറപ്പെടുമ്പോള്‍ ബാഗില്‍ കുട കൂടി കരുതുക. ബാക്കി കറക്കം ഒക്കെ നിങ്ങളുടെ സ്വന്തം പ്ലാനിംഗ് പോലെ നടത്താം. തിരികെയുള്ള യാത്ര കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം – ബെംഗലൂരു വോള്‍വോ ബസ്സില്‍ ആക്കിയാല്‍ സുഖമായി ഇങ്ങു പോരാം. ബസ് ടിക്കറ്റും നേരത്തെ ബുക്ക് ചെയ്യണം.

അപ്പോള്‍ ഉടനെതന്നെ ഇതുപോലൊരു ട്രിപ്പ് പ്ലാന്‍ ചെയ്തുകൊള്ളൂ. നിങ്ങളുടെ പ്രായമായ മാതാപിതാക്കള്‍ക്ക് വേണമെങ്കില്‍ ഒരു സര്‍പ്രൈസ് വിമാനയാത്രയും നല്‍കാം…

The post സാധാരണക്കാര്‍ക്ക് ഫാമിലിയായിട്ട് ഒരു വിമാനയാത്ര പ്ലാന്‍ ചെയ്യാം… appeared first on Technology & Travel Blog from India.

Read Full Article
Visit website
 • Show original
 • .
 • Share
 • .
 • Favorite
 • .
 • Email
 • .
 • Add Tags 

ഡല്‍ഹി.. അതെ നമ്മുടെ രാജ്യ തലസ്ഥാനമായ ഡല്‍ഹി.. പല ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയില്‍ പോയിട്ടുണ്ടെങ്കിലും ശരിക്കൊന്നു അവിടം ചുറ്റിക്കാണുവാന്‍ എനിക്ക് അവസരം വന്നിരുന്നില്ല. എനാല്‍ ഇത്തവണ ആ കുറവ് അങ്ങ് നികത്തി കളയാമെന്നു ഞാന്‍ വിചാരിച്ചു. ഉടന്‍ തന്നെ പ്രമുഖ ട്രാവല്‍ എജന്റ്റ് ആയ ഈസി ട്രാവല്‍സില്‍ വിളിച്ച് ട്രിപ്പ് പാക്കേജ് ബുക്ക് ചെയ്തു. അങ്ങനെ എന്‍റെ ഡല്‍ഹി ട്രിപ്പ്‌ സാധ്യമായി. ഡല്‍ഹി യാത്രയ്ക്കിടെ സന്ദര്‍ശിച്ച ഗുരുദ്വാരയുടെയും ലോട്ടസ് ടെമ്പിളിന്‍റെയും വിശേഷങ്ങളാണ് ഇവിടെ പങ്കുവെയ്ക്കാന്‍ പോകുന്നത്.

എന്താണ് ഗുരുദ്വാര? സിഖ് മത വിശ്വാസികളുടെ ആരാധനാലയം ആണ് ഗുരുദ്വാര. ഗുരുദ്വാര എന്നാൽ ഗുരുവിലെക്കുള്ള(ദൈവം) പ്രവേശന കവാടം എന്നാണ് അർഥം. എല്ലാ മത വിശ്വാസികള്‍ക്കും സിഖ് ഗുരുദ്വാരയിൽ പ്രവേശിക്കാനും പ്രാർത്ഥിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. എല്ലാ ഗുരുദ്വാരകളിലും സൗജന്യ സസ്യാഹാരം ലഭിക്കുന്ന ലങ്ഘാർ എന്ൻ അറിയപ്പെടുന്ന അടുക്കളയും ഭക്ഷണം കഴിക്കുന്ന ഹാളും ഉണ്ടാവും.

ഡല്‍ഹി സന്ദര്‍ശിക്കുന്നവര്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട ഒരു സ്ഥലമാണ് ദല്‍ഹിയിലെ പ്രശസ്തമായ ഗുരുദ്വാര. ഡല്‍ഹി കൊണാര്‍ക്ക് പ്ലേസിനു സമീപത്താണ് ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. രാജാ ജയ്‌സിംഗ് എന്ന രാജാവിന്‍റെ ബംഗ്ലാവ് ആയിട്ടാണ് ഇത് ആദ്യം പണികഴിപ്പിച്ചത്. പിന്നീട് പില്‍ക്കാലത്ത് ഇത് ഗുരുദ്വാരയായി മാറുകയായിരുന്നു. ഗുരുദ്വാരയില്‍ കയറുന്നവര്‍ തലയില്‍ തൂവാലയോ മറ്റോ ഉപയോഗിച്ച് മറച്ചിരിക്കണം. ഇതൊന്നും കയ്യില്‍ ഇല്ലാത്തവര്‍ക്കായി തൂവാലകള്‍ അവിടെ ലഭിക്കും. ആവശ്യക്കാര്‍ അവ എടുത്ത് ഉപയോഗിച്ച ശേഷം തിരികെ അവിടെത്തന്നെ നിക്ഷേപിക്കണം.

മിക്കവാറും സഞ്ചാരികളുടെ നല്ല തിരക്ക് ആയിരിക്കും ഇവിടെ. ഞാന്‍ കയറുന്ന സമയത്ത് അകത്ത് ഭജന്‍സ് നടക്കുന്നുണ്ടായിരുന്നു. ഭക്തിസാന്ദ്രമായ ഒരു അന്തരീക്ഷമായിരുന്നു അവിടെയാകെ. ഉള്ളില്‍ സെല്‍ഫി എടുക്കുവാന്‍ പാടില്ലെന്നും ഫോട്ടോയും വീഡിയോയും ഒക്കെ എടുത്തുകൊള്ളുവാനും അവിടെയുള്ളവര്‍ പറഞ്ഞു. പകലും രാത്രിയിലും ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്. രാത്രിയിലെ കാഴ്ച ഒന്നുകൂടി മികച്ചതായിരിക്കും. അപ്പോള്‍ ഇനി ഡല്‍ഹി സന്ദര്‍ശിക്കുന്നവര്‍ ഇവിടെ കൂടി കയറാന്‍ മറക്കല്ലേ.

സിഖുകാരുടെ ഗുരുദ്വാര കണ്ടിട്ടുണ്ടോ? Lotus Temple & Gurudwara Bangla Sahib - Malayalam Travel Vlog - YouTube

ഗുരുദ്വാരയില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞ് ഞാന്‍ പിന്നെ പോയത് പ്രശസ്തമായ ലോട്ടസ് ടെമ്പിളിലേക്ക് ആയിരുന്നു. ഡെൽഹിയിലെ ഒരു പ്രധാന ആകർഷണമാണ് ലോട്ടസ് ക്ഷേത്രം. ബഹായ് മതവിശ്വാസികളുടെ ആരാധാനാലയമാണെങ്കിലും നാനാജാതിമതസ്ഥർ ഇത് സന്ദർശിക്കാറുണ്ട്. താമരപ്പൂവിന്റെ ആകൃതിയിലുള്ള ഈ അമ്പലത്തിന്റെ വശങ്ങൾ 27 ദളങ്ങൾ ചേർന്നതാണ്. വളരെ മനോഹരമായ ഒരു നിര്‍മ്മാണരീതിയായിരുന്നു ലോട്ടസ് ടെമ്പിളിന്‍റെത്. ഇറാന്‍ സ്വദേശിയായ ഫരിബോസ് സഹ്ബ എന്ന ശില്‍പ്പിയാണ് ഈ ക്ഷേത്രം പണിതത്. ഇതിന്റെ നിർമ്മാണത്തിനെ പ്രത്യേകതകൾ കൊണ്ട് ഈ ക്ഷേത്രം ഒരു പാട് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ലോട്ടസ് ക്ഷേത്രത്തിനു മുന്നില്‍ നിന്നും ഫോട്ടോ എടുക്കുവാന്‍ സഞ്ചാരികളുടെ മത്സരമായിരുന്നു അവിടെ കാണുവാന്‍ സാധിച്ചത്. 2500-ഓളം ആളുകൾക്ക് ഇരിക്കാനുള്ള സൌകര്യം ഈ ക്ഷേത്രത്തില്‍ ഉണ്ട്. ക്ഷേത്രത്തിനുള്ളില്‍ ക്യാമറ അനുവദനീയമല്ല. ഫാമിലിയായി ടൂര്‍ വരുന്നവര്‍ക്ക് ഇവിടം ഒരു മികച്ച സെലക്ഷന്‍ കൂടിയായിരിക്കും.

ഡൽഹി, ആഗ്രാ, മണാലി പാക്കേജുകൾക്ക് ഈസി ട്രാവൽസിനെ വിളിക്കാം: 8943566600.

The post ഗുരുദ്വാരയും ലോട്ടസ് ടെമ്പിളും – ഡൽഹിയിൽ നിന്നുള്ള മറ്റൊരു വ്ലോഗ് appeared first on Technology & Travel Blog from India.

Read Full Article
Visit website
 • Show original
 • .
 • Share
 • .
 • Favorite
 • .
 • Email
 • .
 • Add Tags 

നിയോഗിനെ ആര്‍ക്കും ഇനി അധികം പരിചയപ്പെടുത്തേണ്ടി വരില്ലല്ലോ. ഇതിനു മുന്‍പത്തെ നിയോഗിന്‍റെ വിശേഷങ്ങള്‍ അറിയുവാന്‍ ഈ ലിങ്കില്‍ ചെന്നു വായിക്കുക. CLICK HERE.

നിയോഗിന്‍റെ ആര്‍ട്ടിക് വിശേഷങ്ങള്‍ പങ്കുവെച്ചു കഴിഞ്ഞപ്പോഴേക്കും സമയം ഉച്ചയായിരുന്നു. ഞങ്ങള്‍ നേരെ തമിഴ്നാട്ടിലെ ചെങ്കോട്ടയിലേക്ക് വെച്ചുപിടിച്ചു. നിയോഗിനു അവിടെയൊക്കെ വളരെയേറെ പരിചിതമായിരുന്നു. ബോര്‍ഡര്‍ ചിക്കന്‍ എന്നൊരു സ്പെഷ്യല്‍ ഐറ്റം അവിടെയുണ്ടത്രേ. റഹ്മത്ത് എന്ന ഒരു ഹോട്ടലിലാണ് ഈ വിഭവം ലഭിക്കുന്നത്. നിയോഗിന്‍റെ അഭിപ്രായം കേട്ട് ഞാനും ഇതൊന്നു പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. കേരള – തമിഴ്നാട് അതിര്‍ത്തിയായതിനാല്‍ ആണ് ഈ വിഭവത്തിനു ബോര്‍ഡര്‍ ചിക്കന്‍ എന്നു പേരു വന്നത് എന്ന് നിയോഗ് പറഞ്ഞു. കൂടുതലും ലോറി ഡ്രൈവര്‍മാരാണ് ഈ ഹോട്ടലിലെ കസ്റ്റമേഴ്സ്. ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ വീണ്ടും കേരളത്തിലേക്ക് യാത്രയായി.

ഈ യാത്രയ്ക്കിടെ പത്തു പൈസപോലും ചിലവാക്കാതെ ആറു മാസത്തോളം നിയോഗ് നടത്തിയ ഇന്ത്യാ യാത്രയുടെ വിശേഷങ്ങള്‍ അദ്ദേഹം എന്നോട് പങ്കു വെച്ചു തുടങ്ങി. ഒരുപാട് പ്രചോദനങ്ങള്‍ ഉണ്ടായിരുന്നു. സൗജന്യമായി ലിഫ്റ്റ് ചോദിച്ച് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്ന ”ഹിച്ച്‌ഹൈക്കിങാണ്” നിയോഗിനെ ആകര്‍ഷിച്ച ഒരു രീതി. കയ്യില്‍ വെറും ഇരുന്നൂറു രൂപയുമായിട്ട് ആയിരുന്നു നിയോഗ് വീട്ടില്‍ നിന്നും യാത്ര പുറപ്പെട്ടത്. കയ്യില്‍ ജിയോ കണക്ഷന്‍ ഉള്ള മൂവായിരം രൂപയുടെ ഒരു മൊബൈല്‍ ഫോണ്‍ മാത്രം. പുനലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആയിരുന്നു യാത്ര. തിരുവനന്തപുരം എത്തിയപ്പോള്‍ത്തന്നെ കയ്യിലുള്ള കാശ് തീര്‍ന്നു. പിന്നെ അവിടുന്ന് അങ്ങോട്ട്‌ ലിഫ്റ്റ്‌ അടിച്ച് യാത്ര തുടങ്ങി.

Niyog Krishna Hitchhiking Experience - പത്ത് പൈസ ചിലവാക്കാതെ 6 മാസം ഇന്ത്യ ചുറ്റിയ നിയോഗ് - YouTube

രാത്രികളില്‍ ഉറക്കം കടത്തിണ്ണയിലും, അമ്പലങ്ങളിലും പള്ളികളിലും ഒക്കെയായിരുന്നു. വിലപിടിപ്പുല്ലത് ഒന്നും തന്നെ കയ്യില്‍ ഇല്ലാത്തതിനാല്‍ നിയോഗിനു പ്രത്യേകിച്ച് സുരക്ഷയെക്കുറിച്ച് പേടിയൊന്നും ഉണ്ടായിരുന്നില്ല. ആളുകളോട് സത്യസന്ധമായി കാര്യം പറഞ്ഞ് ഭക്ഷണം വാങ്ങിക്കഴിക്കുകയായിരുന്നു യാത്രയിലുടനീളം. യാത്ര ചെയ്യുവാന്‍ പിന്നെയും എളുപ്പമായിരുന്നു. പക്ഷേ കയ്യില്‍ കാശില്ലാതെ മറ്റുള്ളവരില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുന്നത് കുറച്ച് പണിയായിരുന്നു. ഭക്ഷണത്തിനായി സമീപിച്ചപ്പോള്‍ മിക്കവരും നിയോഗിനെ മടക്കി അയക്കുകയായിരുന്നു ഉണ്ടായത്. ഏറ്റവും കൂടുതല്‍ ലിഫ്റ്റ്‌ തന്നിരുന്നത് ട്രക്ക് ഡ്രൈവര്‍മാര്‍ ആയിരുന്നു. അവരുമായുള്ള ഇടപെടലുകള്‍ നിയോഗിന് വളരെയേറെ അനുഭവങ്ങളായിരുന്നു സമ്മാനിച്ചത്.

രാത്രിയിലുള്ള യാത്ര നിയോഗ് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യാത്രയോട് പൊരുത്തപ്പെട്ടപ്പോള്‍ നിയോഗ് രാത്രിയും യാത്ര ചെയ്യാന്‍ തുടങ്ങി. “എന്റെ യാത്രയില്‍ ഇത് വരെ മറ്റൊരു സുരക്ഷാപ്രശ്‌നങ്ങളും നേരിട്ടിട്ടില്ല.” – നിയോഗ് പറയുന്നു. നിരവധി മറക്കാനാകാത്ത നിമിഷങ്ങള്‍ നിയോഗിനു ഈ യാത്രയില്‍ ലഭിച്ചിട്ടുണ്ട്. മുംബൈ സന്ദര്‍ശിച്ചപ്പോള്‍ അവിടെ വെള്ളപ്പൊക്കമായിരുന്നു. ഒഴുക്കുചാല്‍ സംവിധാനം ശരിയല്ലാത്തതിനാല്‍ മഴ പെയ്താല്‍ മുംബൈ വെള്ളത്തിലാകുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതുപോലെ ഒരു അനുഭവമായിരുന്നു രാജസ്ഥാനിലും ഉണ്ടായിരുന്നത്. മുംബൈയില്‍ വെള്ളപ്പൊക്കമായിരുന്നുവെങ്കില്‍ രാജസ്ഥാനില്‍ വെള്ളമില്ലാത്തതിന്‍റെ പ്രശ്‌നമായിരുന്നു നേരിട്ടത്. രാജസ്ഥാനിലെ ആളുകള്‍ വെള്ളമില്ലാത്തതിനാല്‍ പാത്രങ്ങള്‍ കഴുകുന്നത് മണലുകൊണ്ടായിരുന്നു. ഗുജറാത്തിലുണ്ടായിരുന്ന ഒരു ദിവസം മുഴുവന്‍ പട്ടിണി കിടക്കേണ്ടി വന്നിരുന്നു. ഇതൊക്കെ നിയോഗിന്‍റെ യാത്രയിലെ മറക്കാനാകാത്ത നിമിഷങ്ങളും സംഭവങ്ങളുമായിരുന്നു.

രാജസ്ഥാനിലെ ജയ്പൂരില്‍ രാത്രി ചൂട് സഹിക്കാനാകാതെ A/C യുള്ള ഒരു ATM കൌണ്ടറില്‍ കയറിക്കിടന്ന് ഉറങ്ങിയ നിയോഗിനെ പാതിരാത്രിയായപ്പോള്‍ പോലീസ് പൊക്കി. കാര്യമൊക്കെ അറിഞ്ഞപ്പോള്‍ അവര്‍ നിയോഗിനു പോലീസ് സ്റ്റേഷനില്‍ തങ്ങുവാനുള്ള സൗകര്യങ്ങളും ഒരുക്കി. ഇതൊക്കെ പറയുമ്പോള്‍ നിയോഗിന്‍റെ മുഖത്ത് ആ സന്ദര്‍ഭം ഒന്നുകൂടി അനുഭവിച്ചപോലെയുള്ള ഭാവമായിരുന്നു.

യാത്രയ്ക്കൊപ്പം തന്നെ നിയോഗ് മനസ്സില്‍ കൊണ്ട് നടക്കുന്ന മറ്റൊരു മേഖല കൂടിയുണ്ട്. സിനിമ… ഒരു സിനിമാ സംവിധായകന്‍ ആകുവനാണ് ഇനി നിയോഗിന്‍റെ ശ്രമം. “എന്റെ ആദ്യ സിനിമ ഒരു ട്രാവല്‍ മൂവി ആയിരിക്കും, അതിന്‍റെ ഭാഗമാണ് ഈ യാത്രയെന്ന് പറയാം. എന്റെ അമ്മയ്ക്ക് എല്ലാ കാര്യങ്ങളും അറിയാം. അമ്മയാണ് എന്നെ ഏറ്റവും സപ്പോര്‍ട്ട് ചെയ്യുന്നതും ” നിയോഗ് പറയുന്നു.

പറ്റുന്ന ഭാഷകളില്‍ എല്ലാ തരത്തിലുമുള്ള സിനിമകള്‍ എടുക്കുക എന്നതാണ് നിയോഗിന്‍റെ ഏറ്റവും വലിയ സ്വപ്‌നം. കൂടാതെ യാത്രകള്‍ തുടര്‍ന്നുകൊണ്ടിരിക്കും, ഒരു ഹിപ്പി ജീവിതത്തിലൂടെ. നിയോഗിന്‍റെ അഭിപ്രായത്തില്‍ തനിക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ് ‘സന്തോഷകരമായ ജീവിതം’ എന്നു പറയുന്നത്.

The post പത്തു പൈസ ചിലവാക്കാതെ 6 മാസം ഇന്ത്യ ചുറ്റിയ നിയോഗ്… appeared first on Technology & Travel Blog from India.

Read Full Article
Visit website
 • Show original
 • .
 • Share
 • .
 • Favorite
 • .
 • Email
 • .
 • Add Tags 

നിയോഗിനെ അറിയാത്തവര്‍ ആരെങ്കിലുമുണ്ടോ? അറിയാത്തവര്‍ക്കായി പറഞ്ഞു തരാം. ലോകത്തിലെ തന്നെ എറ്റവും സാഹസികമായ ആർട്ടിക് പോളാർ എക്സ്പെഡിഷനായ ഫിയൽറാവൻ പോളാറിന്റെ ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരനായി ദൗത്യം പൂർത്തിയാക്കി വന്ന മലയാളിയായ യുവാവാണ് പുനലൂര്‍ സ്വദേശി നിയോഗ് കൃഷ്ണന്‍.

തന്‍റെ ഇരുപത്തിയാറാമാത്തെ വയസ്സില്‍ പത്തു പൈസപോലും ചിലവാക്കാതെ ഇന്ത്യ ചുറ്റിക്കണ്ട നിയോഗിനു ഒട്ടേറെ അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പഠനം, ജോലി, വിവാഹം ഈ മൂന്ന് കാര്യങ്ങളിലൂടെ മാത്രം കടന്നു പോയി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന എല്ലാ യുവത്വത്തിനും ഒരു പൊട്ടിത്തെറിയാണ് നിയോഗ് എന്ന ഈ ചെറുപ്പക്കാരന്‍. നിയോഗിന്‍റെ വിശേഷങ്ങള്‍ അറിയുവാനായി ഞങ്ങള്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയിരുന്നു. പുനലൂരിലാണ് നിയോഗിന്‍റെ വീട്. ചെന്നപാടെ പടിപ്പുരയില്‍ നിയോഗ് ഞങ്ങളെ കാത്തിരിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ഇത്രയേറെ പ്രശസ്തനായിട്ടും അതിന്‍റെ യാതൊരു തലക്കനം പോലുമില്ലാത്ത വിനയാന്വിതനായ നിയോഗിനെ ആര്‍ക്കും ഇഷ്ടമാകും.

നാലുകെട്ടുള്ള നിയോഗിന്‍റെ വീട്ടിലേക്ക് ഞങ്ങള്‍ നടന്നു. നിയോഗിന്‍റെ ചെറുപ്പകാലത്തെക്കുറിച്ച് അമ്മ ശ്രീകല ഞങ്ങളോട് അഭിമാനത്തോടെയാണ് പറഞ്ഞത്. ചെറുപ്പം മുതലേ സന്ചാരപ്രിയന്‍ ആയിരുന്ന നിയോഗ് ഉറുമ്പുകള്‍, പാമ്പുകള്‍ മുതലായ ജീവികളെയൊക്കെ വളര്‍ത്തുമായിരുന്നത്രേ. യാത്രയും സിനിമയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന നിയോഗ് ഒരു LLB ഹോള്‍ഡര്‍ കൂടിയാണ്.

രാവിലത്തെ ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ ഒന്നിച്ച് തെന്മല ഭാഗത്തേക്ക് യാത്രയായി. നിയോഗിന്‍റെ വിശേഷങ്ങള്‍ യാത്രയിലുടനീളം അദ്ദേഹം പങ്കുവെച്ചു. കേരള അതിര്‍ത്തിയും കടന്ന് ഭഗവതിപുരം എന്നൊരു റെയില്‍വേ സ്റ്റേഷനു സമീപം ഞങ്ങള്‍ വണ്ടി നിര്‍ത്തി. യാത്രാപ്രേമിയായ നിയോഗിനു പരിചിതമായ സ്ഥലങ്ങളായിരുന്നു ഇവയെല്ലാം.

റെയില്‍വേ സ്റ്റേഷനു സമീപം സ്വസ്ഥമായി ഇരുന്നുകൊണ്ട് നിയോഗ് തന്‍റെ പോളാർ എക്സ്പെഡിഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ചു. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിമി വരുന്ന ആര്‍ടിക് മേഖല മുറിച്ച് കടക്കുന്ന അതിസാഹസിക പ്രകടനമാണ് ആര്‍ട്ടിക് പോളാര്‍ എസ്‌ട്രീം. തുടക്കത്തില്‍ നൂറ് റാങ്കിന് പുറകില്‍ ഉണ്ടായിരുന്ന നിയോഗ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാം റാങ്കിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ള സിനിമാതാരങ്ങളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും നല്‍കിയ വന്‍ പിന്തുണയാണ് നിയോഗിനെ യാത്രയ്ക്ക് തയ്യാറാക്കിയത്.

Niyog Krishna Sharing his Fjällräven Polar Expediting Experience to Tech Travel Eat Part 1 - YouTube

ഏഴു ദിവസം നീണ്ടു നിന്ന വളരെ സാഹസികമായ ഈ യാത്രയില്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. രാത്രി കിടക്കുവാനായി മഞ്ഞിന് മുകളില്‍ അടിച്ച ടെന്റുകള്‍ ശക്തമായ കാറ്റില്‍ പറന്നു പോകുമായിരുന്നത് കാരണം മണിക്കൂറുകളോളം കാത്തിരുന്നു മഞ്ഞുകൊണ്ട് കട്ടകള്‍ ഉണ്ടാക്കി ടെന്‍റ് സംരക്ഷിച്ച സംഭവങ്ങളൊക്കെ നിയോഗ് വിശദീകരിക്കുമ്പോള്‍ ആ സംഭവം നമുക്ക് നിയോഗിന്‍റെ കണ്ണുകളില്‍ കാണാമായിരുന്നു.

ഈ യാത്രയ്ക്ക് പോകുന്നതിനു മുന്‍പ് നിയോഗ് ഹിമാചല്‍ പ്രദേശില്‍ ബാബുക്ക എന്നയാളുടെ കൂടെ ഒരു മാസത്തോളം താമസിച്ച് തണുപ്പിനെ നേരിടാനുള്ള പരിശീലനങ്ങള്‍ അല്‍പ്പം നേടിയിരുന്നു. മുഴുവനും മഞ്ഞു മൂടിയ സ്ഥലങ്ങളിലൂടെ ഡോഗ് സ്ലെഡിംഗ് എന്ന പട്ടികള്‍ വലിച്ചുകൊണ്ട് പോകുന്ന ഒരു വാഹനമായിരുന്നു ഇവരുടെ യാത്രാമാര്‍ഗ്ഗം. കാണുന്നത് പോലെ അത്ര എളുപ്പമല്ല ഈ യാത്രയെന്ന് നിയോഗ്. ഈ പട്ടികള്‍ക്ക് തണുപ്പിനെ അതിജീവിക്കാനുള്ള കഴിവുണ്ട്. വിശ്രമസമയങ്ങളില്‍ ആദ്യം ഭക്ഷണം കൊടുക്കുന്നത് ഈ നായകള്‍ക്ക് ആണ്. കാരണം അവരുടെ ആരോഗ്യവും പ്രധാനമാണല്ലോ.

യാത്രയ്ക്കിടയിലെ മൂന്നു ദിവസങ്ങളില്‍ ടോയ്ലറ്റ് സൌകര്യ്നഗല്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കടല്‍ പോലെ പരന്നു കിടക്കുന്ന മഞ്ഞിനിടയില്‍ ഇടയ്ക്കിടെ പിന്‍ മരങ്ങളുടെ കൂട്ടങ്ങള്‍ കാണാമായിരുന്നു. അവയ്ക്കുള്ളില്‍ കയറി കുഴികുത്തി കാര്യം സാധിക്കണം. യാത്രകളും സാഹസികതയും ഇഷ്ടമാണെങ്കിലും അതുപോലെതന്നെ നമ്മള്‍ പ്രകൃതിയെയും കൂടി ഓര്‍ത്തുവേണം എല്ലാം ചെയ്യുവാന്‍. പ്രകൃതിയ്ക്ക് അപകടകരമായ കാര്യങ്ങള്‍ ഒന്നും തന്നെ നമ്മള്‍ ചെയ്യുവാന്‍ പാടില്ല. ഇത്രയും യാത്രകള്‍ നടത്തിയതിന്‍റെ അനുഭവത്തില്‍ നിന്നാണ് നിയോഗ് ഇതു പറയുന്നത്.

The post മലയാളികളുടെ അഭിമാനമായ നിയോഗിന്‍റെ വിശേഷങ്ങള്‍… appeared first on Technology & Travel Blog from India.

Read Full Article
Visit website

Read for later

Articles marked as Favorite are saved for later viewing.
close
 • Show original
 • .
 • Share
 • .
 • Favorite
 • .
 • Email
 • .
 • Add Tags 

Separate tags by commas
To access this feature, please upgrade your account.
Start your free month
Free Preview